Thursday, 12 July 2012

റിബല്‍

സ്വാതന്ത്ര്യത്തിനു വേണ്ടി കൊതിച്ച മനസിനോടും,
വിപ്ലവത്തിന്റെ ലഹരി തേടിയ ആത്മാവോടും,
വഞ്ചന കാട്ടി ഞാനെന്നും.
എന്‍ സ്വപ്നങ്ങളുടെ ചിറകരിഞ്ഞതും,
എന്‍  മോഹങ്ങളെ  തളച്ചിട്ടതും,
എന്റെ ഭീരുത്വമല്ലാതെ മറ്റെന്ത്!!!
ജീര്‍ണിച്ച സംസ്കാരമേ,
മൃതിയടയുന്ന സമൂഹമേ,
ലജ്ജ തോന്നീടുന്നു,
നിങ്ങളെക്കുറിച്ചല്ല,
എന്റെ ഭീരുത്വത്തെ കുറിച്ച്.
'രാജാവ് നഗ്നനാണെന്നു' വിളിച്ചു പറഞ്ഞ കുട്ടിയുടെ ധൈര്യം,
എന്തേ എനിക്കില്ലാതെ പോയി???
ചാരത്തില്‍ നിന്നും പറന്നുയരാന്‍ കൊതിച്ചു, പക്ഷെ,
മെഴുകുതിരി നാളത്തില്‍ നിന്നും
എന്റെ ചിറകു കരിയാതെ നോക്കാന്‍ മറന്നു.
ഇനി വയ്യ.
തൃപ്തിയടയാതെ മറഞ്ഞ
അനേകം ആത്മാക്കളോടൊപ്പം,
ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്,
ഇനി വിശുദ്ധ യുദ്ധം.
ദുരഭിമാനത്തിനു മേല്‍ കോട്ട കെട്ടി,
സ്വയം പ്രവാചക സ്ഥാനം കെട്ടിയാടുന്നവരേ,
ഇതാ നിങ്ങളുടെ അന്ത്യ കാഹളം,
ഇതാ നിങ്ങളുടെ മരണ മണി!!
മനസേ സമാധാനിക്കുക.
ഇനി സ്വാതന്ത്ര്യത്തിന്റെ നാളുകള്‍.
റിബലുകളെ പിഴുതെറിയുന്ന ബൂര്‍ഷ്വാ സംസ്കാരമേ,
മടങ്ങുക വിസ്മൃതിയിലേയ്ക്ക്..
നിന്റെ നാശവും എന്റെ സ്വാതന്ത്ര്യവും,
ഇതാ ഇവിടെ!!!
       




  

Monday, 25 June 2012

'തലതിരിഞ്ഞവന്‍'

ആരും ഇതേ വരെ കടന്നു ചെല്ലാന്‍ കൂട്ടാക്കാത്ത,
ഒരു ചെറു കാല്‍പ്പാടു പോലും പതിയാത്ത,
പുതു വഴി തന്നില്‍ പോകുവാന്‍ ഞാന്‍ കൊതിച്ചു.
യാത്ര ആരംഭിച്ചപ്പോള്‍ ഏവരും 'തലതിരിഞ്ഞവന്‍' എന്ന് വിളിച്ചു.
ഉറ്റവരും ഉടയവരും,

കൂടെ നില്‍കാതെ കൈയ്യൊഴിഞ്ഞു.
മറിച്ചൊരു വാക്കും ഉരിയാടാതെ,
ഏതാനും ഓട്ടക്കാലണകളുടെ സമ്പാദ്യവുമായി,
ഞാന്‍ നടന്നു.
കൂട്ടിനെന്റെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും!! 
മെല്ലെ ഏവരും കണ്ണില്‍ നിന്നും മായവേ,
ഞാന്‍ വെട്ടിയ പുതുവഴിയില്‍,
രാജാവിനെപ്പോലെ നിന്ന് ഞാന്‍ ആര്‍ത്തട്ടഹസിച്ചു.
"നിങ്ങള്‍ ഭോഷര്‍, തലതിരിഞ്ഞവര്‍!!!
കണ്ണടച്ച് ഇരുട്ടയെന്നു കരുതുന്നവര്‍.
പോവുക, പോയിതുലയുക,
നിങ്ങളും, ജീര്‍ണിച്ച നിങ്ങളുടെ വ്യവസ്ഥിതികളും,

നരകത്തിലേയ്ക്ക്,
നാശത്തിലേയ്ക്ക്.
സ്വാതന്ത്ര്യമേ, ജീവ സംഗീതമേ,
വരുന്നിതാ,

ഞാനും, എന്റെ 'തലതിരിഞ്ഞ' കിനാവുകളും.    
  

Sunday, 24 June 2012

ഒരു വായന ദിനത്തിന്റെ ഓര്‍മയ്ക്ക്....

ജൂണ്‍ 19 കഴിഞ്ഞു പോയപ്പോളാണ് ഈ വായന ദിനത്തില്‍ പുതിയ പുസ്തകങ്ങള്‍ ഒന്നും വായിച്ചില്ലല്ലോ എന്നോര്‍ത്തത് . കോളേജ്നെ പറ്റി അഭിമാനിക്കാന്‍ ആകെ വകയുള്ളത്‌ ലൈബ്രറിയെ പറ്റി ഓര്‍ക്കുമ്പോള്‍ ആണ്. മലയാളം പുസ്തകം ഒരെണ്ണം വായിച്ചിട്ട് കുറെ നാള്‍ ആയല്ലോ എന്നോര്‍ത്തപ്പോള്‍ നേരെ ലൈബ്രറിയിലേയ്ക്ക് വച്ച് പിടിപ്പിച്ചു. ആരെങ്കിലും വായിച്ചിട്ട് തിരിയെ വച്ച പുസ്തകങ്ങള്‍ ലൈബ്രറിയന്റെ      
മേശയ്ക്കു സമീപം വച്ചിരിക്കും. അവിടെ നിന്നാണ് പലപ്പോഴും നല്ല പുസ്തകങ്ങള്‍ എനിക്ക് കിട്ടാറുള്ളതും. ഇന്നും കിട്ടി, ചെറുതെങ്കിലും വാക്കുകളാല്‍ ഒരു മായിക ലോകം തന്നെ തീര്‍ത്ത ഒരു പുസ്തകം. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മലബാറുകാരന്റെ  ആത്മകഥ. "നഷ്ട ജാതകം".
ആദ്യമായി ആണ് ഞാന്‍ കുഞ്ഞബ്ദുള്ളയെ വായിക്കുന്നത്. പക്ഷെ, ആദ്യ ഏറ്റുമുട്ടലില്‍ തന്നെ ആ 'പഹയന്‍' എന്നെ കീഴടക്കിക്കളഞ്ഞു. ഒഴുക്കുള്ള ആഖ്യാന ശൈലി. എന്തും തുറന്നെഴുതുന്ന പ്രകൃതം. അക്ഷരങ്ങളെ കൊണ്ട് ചിത്രം വരയ്ക്കുവാനുള്ള അപൂര്‍വ ശേഷി. എന്തിനു അധികം പറയണം, ഒരു വൈകുന്നേരം കൊണ്ട് സംഭവം ഞാന്‍ അകത്താക്കി. ഒരു സദ്യ ഉണ്ട സംതൃപ്തിയോടെ.
കുഞ്ഞബ്ദുള്ളയുടെ വരികള്‍ക്കിടയില്‍ ഒരു കൌമാരക്കാരന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയും. ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസും ജീവിതാനുഭവങ്ങളുടെ നേര്കാഴ്ചയും ഞാന്‍ അവിടെ കണ്ടു. അനേകം പാഠങ്ങള്‍ പകുത്തു നല്‍കുന്ന ഒരു അപൂര്‍വ രചനയാണത്. തീര്‍ച്ചയായും നഷ്ടജാതകം എന്ന പേര് ഒട്ടും ഔചിത്യ പൂര്‍ണമല്ലെന്ന് തന്നെ പറയണം. എനിക്കും കുഞ്ഞബ്ദുള്ള ഒരു പാഠം ആവുകയായിരുന്നു. ഇനി എഴുത്ത് വഴങ്ങില്ല എന്ന് പോലും ചിന്തിച്ച നിരാശാപൂര്‍ണങ്ങളായ ദിവസങ്ങളില്‍ നിന്നും പ്രത്യാശയുടെ ഒരു തിരി എന്നില്‍ കൊളുത്തിയത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരിക്കാം.
വായനയുടെ, എഴുത്തിന്റെ വസന്തകാലമേ, സ്വാഗതം.
തുറവി ഉണ്ടാവണം.
നേര് എഴുതാനുള്ള ചങ്കുറപ്പ് ഉണ്ടാവണം.
കുഞ്ഞബ്ദുള്ളയ്ക്ക്, 'ഭാഗ്യ' ജാതകത്തിന് ഒരായിരം നന്ദി.                

Wednesday, 21 December 2011

കുപ്പി വെള്ളത്തിന്റെ കുമ്പസാരങ്ങള്‍


ശീതീകരിച്ച കോണ്ക്രീറ്റ് കെട്ടിടത്തിനുള്ളില്‍
നിരയായി വിശ്രമിപ്പതിനു മുന്‍പ്
എനിക്കൊരു ബാല്യമുണ്ടായിരുന്നു,
ഒരു ജനതയെ താലോടിയുണര്‍ത്തിയ യൌവനമുണ്ടായിരുന്നു.
പച്ചക്കാടിന്റെ ഊഷ്മളതയില്‍ നി-
ന്നുയിര്‍കൊണ്ട നാള്‍ മുതലിന്നോളം 
അനേകരുടെ ദാഹമകറ്റിയും കണ്ണീര്‍ അടക്കിയും 
ഞാന്‍ സംതൃപ്തി തേടുകയായിരുന്നു.
ഒഴുക്കിന് തടയിടുന്ന അണക്കെട്ടുകളിലും,
വൈദ്യുതി ജന്മമെടുക്കുന്ന പല്‍ച്ചക്രങ്ങളിലും,
ജീവിതം തുള്ളിക്കളിച്ചപ്പോള്‍ 
ഞാനറിയാതെ ഒരു ദുര എന്നില്‍ രൂപം കൊണ്ടു.
ഉരുളന്‍ കല്ലുകളില്‍ ചിന്നിച്ചിതറി മുറിവേറ്റൊരെന്‍ ശരീരം, 
മിനുസപ്പെടുത്തിയ കോണ്ക്രീറ്റ് പാതയില്‍
അഭിമാനപുളകിതമായി.
എന്നെക്കാത്ത് ക്യു നിന്ന പട്ടണവാസിയുടെ കണ്ണില്‍
ഞാനെന്റെ മതിപ്പ് കണ്ടു സന്തോഷിച്ചു.
സുന്ദര നഗരത്തിന്റെ കരസ്പര്‍ശമേറ്റ് 
പുളകിതയായ ഞാനെന്റെ പൂര്‍വ ജന്മങ്ങളെ വിസ്മരിച്ചു.
തെറ്റ്! തെറ്റ്! എന്നത്മാവ് മന്ത്രിച്ചു.
വൈകിപ്പോയി ഞാന്‍, എത്തിയെന്‍ ദുരയുടെ 
പാപപ്പരിഹാര തീര്‍ത്ഥത്തില്‍.
കരപുരണ്ടെന്റെ പളുങ്കുമേനി കറുപ്പാര്‍ന്നു.
മെഴുക്കു പുരണ്ടെന്റെ വാസന കൈവിട്ടു.
ഒരഴുക്ക് ചാലില്‍ ജന്മം ഒടുങ്ങുമെന്നു കരുതിയ എന്നെ 
രക്ഷിച്ചിവിടെ എത്തിച്ച മഹാമനസ്കരേ, നന്ദി!
ഇന്നെന്നെ നോക്കിടും കണ്ണുകളില്‍ കാണുന്നു ഞാന്‍,
ഒരായിരം ജന്മസംതൃപ്തി.
വീണ്ടും അഭിമാനമുണരുകയായി, പക്ഷെ
കലുഷിതമായോരെന്‍ ആത്മാവിലും,
കപടമാമെന്‍ ശരീരകാന്തിയിലും,
ഒളിഞ്ഞു നില്‍ക്കുന്ന പാപഭാരങ്ങള്‍,
എത്ര തുടിപ്പുകള്‍ വറ്റിക്കും?
എത്ര ഇലയനക്കങ്ങളെ ഹനിക്കും?
ഒരു മഹാ വിപത്തെന്റെ ഗര്‍ഭപാത്രത്തില്‍ 
പേറിയെത്തുന്നു ഞാന്‍!
കോളറയോ, കോഴിപ്പനിയോ, അതോ 
പുതിയ പേരിടാത്ത, 'മരുന്നു വിലപനക്കാരന്റെ കഞ്ഞിയോ?'.
പുറംമോടി നോക്കുന്ന പുതിയ മനസുകളേ,
നിന്റെ അന്ത്യത്തിനായി എത്തുന്നു ഞാന്‍,
നിന്നോടൊപ്പം എരിയുന്ന ചാവേറാവാന്‍,
ഇത് എന്റെ പാപബോധം കറ വീഴ്ത്തിയ 
ആത്മഹത്യാക്കുറിപ്പും!

Tuesday, 20 December 2011

ട്രാഫിക്‌ പോലീസുകാരന്‍


"നിങ്ങളുടെ വിഷപ്പുക ശ്വസിച്ചെന്റെ
ശ്വാസകോശം കിഴിഞ്ഞു.
ചെവിതുലയ്ക്കും ഹോണടികള്‍ എന്‍
കേള്‍വിയെ ഹനിച്ചു.
സൂര്യ താപമേറ്റെറ്റെന്റെ
മുടിയിഴകള്‍ കൊഴിഞ്ഞു.
നിങ്ങളുടെ പാത സുഗമമാക്കിയെന്റെ
കൈകാലുകള്‍ തളര്‍ന്നു."
അവിചാരിതമായി കിട്ടിയ ഇടവേളയില്‍
ട്രാഫിക്‌ പോലീസുകാരന്‍ ചിന്തിച്ചു.
ഇരുപതാണ്ടു നീണ്ട ജോലിഭാരത്തെ
ഇനിയും താന്‍ ചുമന്നീടുന്നതെന്തിനോ?
എത്ര കോടി വാഹനങ്ങള്‍ തന്നെ കടന്നു പോയിട്ടുണ്ടാവാം.
എത്ര കോടി മനുഷ്യര്‍ താനെ പ്രാകിയിട്ടുമുണ്ടാകാം.
ഏതോ ക്രിക്കറ്റുകാരന് ടെന്നീസ് എല്‍ബോ വന്നപ്പോള്‍
പ്രാര്‍ത്ഥിക്കാന്‍ ജനകോടികള്‍.
അവര്‍ക്കായി കൈകാലുകള്‍ ചലിപ്പിക്കും തനിക്കു
തേയ്മാനം വന്നാല്‍ ആര്‍ക്കെന്തു ചേതം?
ബച്ചന്റെ മരുമകള്‍ പെറുന്നതും കാത്ത്
നെടുവീര്‍പ്പിടുന്ന ലോകം.
തന്റെ ഭാര്യ പ്രസവ വേദനയാല്‍ പുളഞ്ഞപ്പോഴും
പൊരി വെയിലത്ത് ഡ്യൂട്ടി ചെയ്തതോര്‍ത്തയാള്‍.
പോം! പോം! ഒരു വേണാടിന്റെ സീല്‍ക്കാരം
അയാളുടെ ചിന്തയ്ക്ക് സഡന്‍ ബ്രേക്ക് ഇട്ടു.
മുന്‍കാല വൈരാഗ്യം  തീര്‍ക്കാന്‍ കുതികൊള്ളുംപോലെ
നിരന്നിടും യന്ത്ര ഭീമന്മാരെ നോക്കി,
സ്ഥാനം തെറ്റിയ തൊപ്പി നേരെയാക്കി,
അയാള്‍ മെല്ലെ ആള്‍ക്കൂട്ടത്തിലേയ്ക്ക് നടന്നകന്നു.
അപ്പോള്‍ ട്രാഫിക്‌ സിഗ്നല്‍ പോസ്റ്റില്‍
ചുവപ്പ് ലൈറ്റ് കത്തി നില്പുണ്ടായിരുന്നു. 

Tuesday, 29 November 2011

മുല്ലപ്പെരിയാര്‍: നാം ഇനിയും വൈകിക്കൂടാ!!!


കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മലയാള പത്രങ്ങള്‍ കണ്ടപ്പോള്‍ ലജ്ജ തോന്നി. ഏതു നിമിഷവും പൊട്ടിതകരാവുന്ന ഒരു ജല സംഭരണി ദ്രവിച്ച ചരടില്‍ തലയ്ക്കു മുകളില്‍ തൂക്കിയ വാളുപോലെ 35 ലക്ഷം ജനങ്ങളുടെ ജീവിതങ്ങള്‍ക്ക് മുകളില്‍ നില്‍കുമ്പോള്‍, മലയാളി ഇപ്പോളും ജൂബിലി ആഘോഷങ്ങള്‍ക്കും ചലച്ചിത്ത്ര സമ്മാന ദാനങ്ങള്‍ക്കും പിറകെയാണ്. ഈ നാടകങ്ങള്‍ സത്യാവസ്ഥ മനസിലാക്കാഞ്ഞിട്ടോ അതോ ഇനി യാതൊരു പ്രതീക്ഷയും ഇല്ല എന്ന് കരുതിയിട്ടോ? എന്താണെങ്കിലും ഫേസ് ബുക്കിലെ തകര്‍പ്പുകള്‍ക്ക് മാത്രം ഒരു പഞ്ഞവുമില്ല. ദിവസേന ഫോട്ടോ ഷോപ്പില്‍ മിനുക്ക്‌ പണികള്‍ നടത്തി അപ്‌ലോഡ്‌ ചെയുന്ന ഫോട്ടോകള്‍ ഒരിക്കലെങ്കിലും ആരെങ്കിലും ഗൌരവമായി ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍!!!!! നമ്മള്‍ ഇങ്ങനെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു മന്നടിഞ്ഞു ചേരേണ്ടവര്‍ അല്ലെന്നോര്‍ക്കുക.
ഇത് ഇടുക്കിയിലെ മലയിടുക്കുകളില്‍ താമസിക്കുന്ന ഏതാനും പേരുടെ മാത്രം പ്രശ്നമല്ല..........
ഇത് നാലു ജില്ലകളിലെ 35 ലക്ഷം പേരുടെ ജീവന്റെയും സുരക്ഷിതത്വത്തിന്റെയും മാത്രം പ്രശ്നമല്ല...............
ഇത് കേരളത്തിലുള്ള എല്ലാവരുടെയും പ്രശ്നമാണെന്ന് തിരിച്ചറിയുക.
ഡാം പൊട്ടി നാലു ജില്ലകള്‍ ഒളിച്ചു പോയാല്‍,
കേരളത്തിനുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കുമെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?
കേരളത്തിന്റെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന മധ്യ തിരുവിതാംകൂര്‍ അപ്പാടെ നശിച്ചാല്‍ എങ്ങനെ ആ നഷ്ടം നികത്താന്‍ കഴിയും?
ഡാം പൊട്ടിയാല്‍ കേരളം അപ്പാടെ ഇരുട്ടിലാകും.
ഗതാഗതം തടസപ്പെടും.
കൊച്ചി നഗരം വെള്ളത്തിനടിയിലാകും.
തുറമുഖം നശിക്കുമ്പോള്‍ കേരളത്തിലേയ്ക്കുള്ള വിദേശ ഇറക്കുമതി തടസപ്പെടും.
കെട്ടി കിടക്കുന്ന വെള്ളത്തിലൂടെ പലവിധ പകര്‍ച്ച വ്യാധികള്‍ ദുരന്തത്തെ അതി ജീവിക്കുനവരെ ക്രൂരമായി മരണത്തിനിരയാക്കും.
ഡാമില്‍ നിന്നും വെള്ളം കിട്ടാതെയായാല്‍ കേരളത്തിലെയും കൂടി പച്ചക്കറികളുടെ പ്രധാന സ്രോതസായ തമിഴ് നാട്ടിലെ 5 ജില്ലകളില്‍ കൃഷി മുടങ്ങും.
തമിഴ് നാട്ടിലൂടെ കേരളത്തിലേയ്ക്കുള്ള അരിയുടെ വരവ് നിലയ്ക്കും.
അതായത് കേരളത്തില്‍ അവശേഷിക്കുന്ന ജനങ്ങളുടെ നല്ലൊരു പങ്ക് പട്ടിണിയിലൂടെയും പകര്‍ച്ച വ്യാധികളിലൂടെയും മരിക്കും.
കേരളം ഒരു ശവപ്പറമ്പായി മാറും!!!!!
കേരളത്തില്‍ അവശേഷിക്കുന്ന ജനങ്ങള്‍ എത്ര കൊല്ലം കിണഞ്ഞു ശ്രമിച്ചാല്‍ ഇതൊക്കെ പഴയ പടിയാകും?????
ഇനി ഡാം പൊട്ടിയാല്‍ ജനങ്ങള്‍ക്ക്‌ ദുരിതാശ്വാസം എത്തിക്കുവാന്‍ എന്ത് സംവിധാനമാണ്  നമ്മുടെ സംസ്ഥാനത്ത് ഉള്ളത്?!!!!!!!!!!!!!!!!!!!!!
ഒന്നിനും ഉത്തരം കണ്ടെത്താന്‍ എനിക്കാവുന്നില്ല..
ഇന്നലെ വരെ ഒരു കാര്‍ടൂണ്‍ സിനിമയുടെ റിലീസിങ്ങിന് ഒരുങ്ങുന്ന ലാഖവത്തോടെ കാത്തിരുന്ന എന്റെ പ്രിയ മലയാളി സഹോദരന്മാരെ, സഹോദരിമാരെ,
നമ്മള്‍ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമ്മള്‍ മുന്നിട്ടിറങ്ങിയേ  പറ്റു...
കോളേജ്കളില്‍ ആദ്യ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം നമ്മുക്ക് ക്ലാസുകള്‍ ബഹിഷ്കരിക്കാം......
അധ്യാപകരും ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തുകൊണ്ടു കുട്ടികളുടെ ഒപ്പം ചേരട്ടെ...
കടകമ്പോളങ്ങള്‍ ഉച്ചയ്ക്ക് ശേഷം അടച്ചിട്ടുകൊണ്ട് വ്യാപാരികളും പങ്ക് ചേരട്ടെ.
ഉച്ചയ്ക്കുശേഷം കേരളം മുഴുവും എല്ലാ ജോലികളില്‍ ഇനും സ്വമേധയാ വിട്ടു നില്കട്ടെ...
തുടര്‍ന് നമ്മുടെ സമരം ദിവസം മുഴുവനും ആക്കിതീര്‍ക്കണം.
ഒരു ആഴ്ചത്തെ പാഠങ്ങള്‍ പഠിപ്പിക്കാതെ പോയ്കോട്ടേ...
ഒന്നോ രണ്ടോ ആഴ്ചയിലെ ശമ്പളം നഷ്ടമായിക്കോട്ടേ......
ഒനും നമ്മുടെ ജീവനേക്കാള്‍ വലുതല്ലല്ലോ....
ഇനിയും ആരും ഈ പ്രശ്നത്തെ നിസാരമായി കാണരുത്.....
എല്ലാവരും മുന്നിട്ടിറങ്ങട്ടെ......
നമ്മുക്ക് ഒന്നിച്ചു പൊരുതാം, സമാധാനപരമായി.
അധികാരികള്‍ കണ്ണ് തുറക്കട്ടെ...
ജീവന് വേണ്ടിയുള്ള 35 ലക്ഷം ആളുകളുടെ മുറവിളി പാഴാവാതിരിക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.
നിങ്ങളും കൈകള്‍ കോര്‍ക്കൂ, ഈ ജീവിതസമരത്തില്‍!!!!

Wednesday, 23 November 2011

സൂര്യകാന്തിപ്പൂക്കളുടെ ചിത്രകാരന്...










സൂര്യ ശോഭയില്‍ മുങ്ങിയ
നിന്റെ ശരത്കാലോദ്യാനത്തില്‍,
തിളങ്ങുന്ന സൈപ്രസ് മരങ്ങള്‍ക്കിടയില്‍,
ഓറഞ്ച് ചാലിച്ച ചെസ്റ്റ്നട്ടിന്‍ തുരുത്തുകളില്‍,
രക്ത വര്‍ണാങ്കിതമായ ചോലക്കാടുകളില്‍,
നിനെ ഞാന്‍ തിരഞ്ഞു വന്നു.
യാത്രയില്‍ എങ്ങോ കണ്ട ഖനിയിലെ
കരിപുരണ്ട ജീവിതങ്ങള്‍,
ജീവിക്കുന്ന ക്രിസ്തുവെന്നു അലറിവിളിച്ചപ്പോള്‍
നിന്നെ ഞാന്‍ അറിഞ്ഞു തുടങ്ങുകയായിരുന്നു.
എര്സ്യുലയെ നീ ഇഷ്ടപ്പെട്ടു.
കേയെ നീ പ്രണയിച്ചു.
ക്രിസ്റ്റിന്‍ നിനക്ക് സ്വാന്തനമായി.
റാഷെല്‍ നിന്റെ സ്വന്തം മാടപ്പ്രാവും!



വാന്‍ഗോഗ്, പ്രിയ ചിത്രകാരാ,                                                                      
നീ ചിത്രമെഴുതിയത്
കണ്ണീരുകൊണ്ടോ, കിനാവുകൊണ്ടോ?
ആകാശം ചായം ചാലിച്ച വയല്പ്പരപ്പില്‍
നിന്നെ തേടിയെത്തിയ ഞാന്‍ കണ്ടത്
ചെമ്മന്ണില്‍ കുതിര്‍ന്ന ചുടുചോരത്തുള്ളികള്‍ മാത്രം.
അവ നിന്റെ ചിത്രങ്ങളേക്കാള്‍ തുടുത്തിരുന്നു.
ഇനിയും വരച്ചിടാതെ
അനേകം ഓര്‍മ്മകള്‍ ബാക്കിവച്ച്,
ഒരു തോക്കിന്‍മുനയാല്‍
നീ സ്വയം ചിത്രമായതെന്തേ?
ഇന്നീ പൂക്കൂട,
സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞൊരീ കൂട,
കാണുമ്പോള്‍,
ഓര്‍ക്കുന്നു നിന്നെ ഞാന്‍,
വാന്‍ഗോഗ്! പ്രിയ ചിത്രകാരാ,
വേദനയില്‍ ആത്മാവിനെ കണ്ടെത്തിയവനേ,
ഇനിയൊരിക്കലും,
ഈ പൂക്കള്‍ വാടാതിരുന്നെങ്കില്‍???